യാത്രക്കിടെ ആകാശത്ത് വെച്ച് എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ ആയുധം അമർത്തി വിമാനം റാഞ്ചാൻ ശ്രമം, പ്രതി പിടിയിൽ

Passenger arrested for allegedly trying to divert Mexican flight to US

യാത്രക്കിടെ ആകാശത്ത് വെച്ച് വിമാനം റാഞ്ചാൻ യാത്രക്കാരന്റെ ശ്രമം. മെക്‌സിക്കോയിലെ വോളാരിസ് എയർലൈൻസ് വിമാനത്തിലാണ് യാത്രക്കാരെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച രാവിലെ വിമാനം പറന്നുയർന്ന് ഉയരത്തിലെത്തിയപ്പോഴാണ് സംഭവം.

എല്‍ ബാജിയോ-ടിജുവാന റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന വോളാരിസ് ഫ്ലൈറ്റില്‍ 3041-ല്‍ ഇന്ന് അസാധാരണമായ ഒരു സാഹചര്യമുണ്ടായത്. വിമാനം ക്രൂയിസിംഗ് ഉയരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ കെല്‍ മരിയോ എൻ എന്ന 31-കാരൻ അക്രമാസക്തനാകുകയും വിമാനം ടിജുവാനയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് അവകാശപ്പെടുകയും ചെയ്തു.

തുടർന്ന് ഫ്ലൈറ്റ് അറ്റൻഡന്റെ ആക്രമിച്ച്‌ കഴുത്തില്‍ ഒരു വസ്തു അമർത്തി ഭീഷണിപ്പെടുത്തി. അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാള്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രല്‍ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാല്‍ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് യാത്ര ചെയ്തത്. സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടെന്നും മെക്സിക്കൻ എയർലൈൻ അറിയിച്ചു.

Related Articles
Next Story