ആറ് വര്‍ഷം നീണ്ട നിയമപോരാട്ടം, 20 മാസത്തെ വിചാരണ; പെരിയ കേസില്‍ വിധി ഇന്ന്

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി കണ്ടെത്തിയിരുന്നു

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി കണ്ടെത്തിയിരുന്നു. 10 പേരെ കുറ്റവിമുക്തരുമാക്കി. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്.

ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ പാര്‍ട്ടിയിലെ നാല് പ്രധാന നേതാക്കള്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ ഒന്നാം പ്രതി എ. പീതാംബരന്‍ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ്. പ്രതികളെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14-ാം പ്രതി കെ. മണികണ്ഠന്‍ ഉദുമ ഏരിയാ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. 20-ാം പ്രതി കെ.വി. കുഞ്ഞിരാമന്‍ ഉദുമ മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. 21-ാം പ്രതി രാഘവന്‍ വെളുത്തോളി പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുപ്രതികളും സജീവ സി.പി.എം. പ്രവര്‍ത്തകരാണ്.

വെറുതേവിട്ടവരില്‍ പെരിയ ലോക്കല്‍ മുന്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ഏച്ചിലടുക്കം ബ്രാഞ്ച് മുന്‍ സെക്രട്ടറി പി. രാജേഷ് എന്നിവരുമുള്‍പ്പെടും. വെറുതേവിട്ട മറ്റ് എട്ടുപേരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഇവരെ വെറുതേവിട്ടതിനെതിരേ പ്രോസിക്യൂഷനും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും അപ്പീലിന് പോകാന്‍ സാധ്യതയുള്ളതിനാല്‍ കേസ് ഇവിടെ അവസാനിക്കാനും സാധ്യത കുറവാണ്.

Related Articles
Next Story