പൾസർ സുനിക്ക് ചിക്കൻപോക്സ്, ജയിൽ മോചനം അസുഖം ഭേദമായശേഷം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്

കൊച്ചി: ചിക്കൻപോക്സ് ബാധിച്ചതിനാൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. അസുഖബാധിതനായതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിക്കു ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥ അന്തിമമാക്കുന്നതിന് വിചാരണ കോടതി വാദം കേള്‍ക്കണം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാം. തുടര്‍ന്നുവേണം ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story