റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്; എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതി

വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് കേസെടുത്തത്

കൊച്ചി: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാറാണ് ഒന്നാം പ്രതി. അരുൺ കുമാർ, റിപ്പോർട്ടർ ശഹബാസ് അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ, അവതാരകന്‍ അടക്കം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

ആക്ഷേപമുയര്‍ന്നതോടെ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഡിജിപി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Related Articles
Next Story