ശബരിമല ദര്‍ശനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70,000 പേര്‍ക്ക് മാത്രം

80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോള്‍ പ്രതിദിന ബുക്കിങ് 70,000 പേര്‍ക്ക് മാത്രം. പ്രതിദിനം 80,000 പേര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷവും 70000പേര്‍ക്കായിരുന്നു വെര്‍ച്വല്‍ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവര്‍ത്തിക്കുക. 80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്ന ഭക്തരാരും തിരിച്ചു പോകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്‌പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നിയമസഭയില്‍ വി ജോയിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Articles
Next Story