സന്ദീപ് വാര്യർ നടത്തിയ പരസ്യപ്രതികരണത്തിൽ കരുതലോടെ നീങ്ങാൻ ബി.ജെ.പി. നേതൃത്വം: നടപടി വേണമെന്ന് നേതാക്കൾ

സന്ദീപ് വാര്യർ പാർട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാർട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാ

പാലക്കാട്: സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യർ നടത്തിയ പരസ്യപ്രതികരണത്തിൽ കരുതലോടെ നീങ്ങാൻ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യർ പാർട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാർട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകൾകൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ്. രാധാകൃഷ്ണൻ, പി. രഘുനാഥ്, പത്മജാ വേണുഗോപാൽ, പി. സുധീർ, വി.ടി. രമ തുടങ്ങിയവർ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചർച്ചചെയ്യാൻ പ്രത്യേക യോഗം ചേർന്നില്ലെങ്കിലും ഇവർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. നടപടി വേണമെന്നുതന്നെയാണ് ഒട്ടുമിക്ക നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന.

പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങിയ ആർ.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടായിരുന്നു. തത്കാലം വിവാദങ്ങൾ വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി. നേതാക്കൾക്കും.

ഇതിനാൽ ജില്ലാനേതൃത്വവും വിഷയം കാര്യമായി ചർച്ചയ്ക്കെടുത്തിട്ടില്ല. അതേസമയം, സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനകൾ സജീവമായതായാണ് സൂചന. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി എം.ബി. രാജേഷും സന്ദീപിനെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞത് ഇതിന്റെ സൂചനയായാണ് കരുതുന്നത്.

Related Articles
Next Story