രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍; ചര്‍ച്ചകളോട് പുച്ഛം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവരും, പ്രമോട്ട് ചെയ്യുന്നവരും തുല്യ ക്രിമിനലുകളാണ്. എഡിജിപി എംആര്‍ അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളോട് പുച്ഛം മാത്രമാണ്.


നമ്മളെ ചോദ്യം ചെയ്യാന്‍ മാത്രം യോഗ്യനായ ആരും മറുപക്ഷത്തില്ല എന്ന് മാത്രം നമ്മള്‍ ധരിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നമ്മള്‍ സത്യമായിരിക്കണം. നമുക്ക് ധര്‍മ്മത്തിന്റെ പിന്തുണയുണ്ടാകണം. ഒരാളുമല്ല, ഒരുത്തനും ചോദ്യം ചെയ്യാന്‍ വരില്ല. ഇതെല്ലാം കയറിയിരുന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരുമെല്ലാം യോഗ്യരാണോ?.

രാഷ്ട്രീയ വൈരുധ്യം ആരാണ് കല്‍പ്പിക്കുന്നത്?. ജനാധിപത്യം എന്നുള്ളത് എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കൈ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് സുരേഷ് ഗോപി പറഞ്ഞു. പകരം ഹൃദയം ശുദ്ധമാണെന്ന് പറയും. കൂടിക്കാഴ്ചാ വിവാദത്തെ വിമര്‍ശിച്ച ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

അങ്ങനെ വിമര്‍ശിക്കാന്‍ കേരളത്തില്‍ ഒരാള്‍ ഉണ്ടായി. എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണം. താന്‍ ആരെയും ദ്രോഹിക്കാറില്ല. ആരെയെങ്കിലും ദ്രോഹിക്കാന്‍ വരുന്നവരെ വിടുകയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles
Next Story