എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടി; കാത്തിരിക്കൂവെന്ന് എൽഡിഎഫ് കൺവീനർ

അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസുമായി നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൺവീനർ. അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കും. സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സ്പീക്കർ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണ്. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. അൻവർ നേരെത്തെ നൽകിയ പരാതിയിൽ ശശി ഇല്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ ആണോ. അത് നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. വയനാട്, പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയം എൽഡിഎഫ് യോ​ഗത്തിൽ ചർച്ച ചെയ്തു. വയനാട് പുനരധിവാസത്തിൽ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം മുറുകുമ്പോഴും എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു എന്നാണ് വിവരം.

ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പിസി ചാക്കോ എന്നിവർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍, സാങ്കേതിക വാദം ഉയർത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്. എഡിജിപിയെ മാറ്റാൻ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.

Related Articles
Next Story