തിരുപ്പതി ലഡുവിൽ നിന്ന് പുകയില, പരാതിയുമായി ഭക്ത
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃഗ കൊഴുപ്പ് ചേർത്തിരുന്നുവെന്ന വിവാദം കത്തി നിൽക്കെ പുകയില കണ്ടെത്തിയെന്ന പരാതിയും. തെലങ്കാനയിലെ കമ്മം ജില്ലയിൽ നിന്നുള്ള ദൊന്തു പദ്മാവതി എന്ന ഭക്തയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രസാദമായി കിട്ടിയ ലഡുവിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില ലഭിച്ചുവെന്നാണ് ഇവർ പറയുന്നത്.
ഗൊല്ലഗുഡം പഞ്ചായത്തിലെ താമസക്കാരിയായ പദ്മാവതി ഈ മാസം 19നാണ് തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയത്. ബന്ധുക്കൾക്കും അയൽക്കാർക്കും പ്രസാദമായി നൽകാൻ കൊണ്ടു വന്ന ലഡുവിലാണ് പുകയില കണ്ടെത്തിയത്. പ്രസാദം പവിത്രമായിരിക്കണം. എന്നാൽ ലഡുവിൽ പുകയില കണ്ടു താൻ നടുങ്ങിയെന്നു അവർ പറയുന്നു.
അതേസമയം, ലഡു തയാറാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി നെയ്യ് വിതരണം ചെയ്ത കമ്പനി രംഗത്തെത്തിയിരുന്നു. കമ്പനി മായം ചേർത്ത എണ്ണ നൽകിയതിന് തെളിവില്ലെന്നും നെയ്യിനേക്കാൾ വില കൂടിയതാണ് മത്സ്യ എണ്ണയെന്നും തമിഴ്നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ക്വാളിറ്റി കൺട്രോൾ ഓഫീസറായ കണ്ണൻ പറഞ്ഞു.
ക്ഷേത്രത്തിൽ മായം കലർന്ന നെയ്യ് വിതരണം ചെയ്‌തെന്ന് ചൂണ്ടികാട്ടി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് കമ്പനി രംഗത്തു വന്നത്. ലഡു തയ്യാറാക്കാൻ കമ്പനി നൽകിയ നെയ്യിൽ മൃഗക്കൊഴുപ്പിന്റെ അംശം കണ്ടെത്തിയെന്ന ദേശീയ ക്ഷീര വികസന ബോർഡിന്റെ (എൻഡിഡിബി) റിപ്പോർട്ടിനെ തുടർന്നാണ് കമ്പനിക്കെതിരെ അധികൃതർ നിയമനടി ആരംഭിച്ചത്.