പാറമേക്കാവ് അഗ്രശാല തീപിടിത്തത്തിന് പൂരവിവാദവുമായി ബന്ധം; അന്വേഷിക്കണമെന്ന് ദേവസ്വം

തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടു.

തൃശൂര്‍: പൂര വിവാദത്തില്‍ പുതിയ വാദമുഖം തുറന്ന് പാറമേക്കാവ് ദേവസ്വം. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഗ്രശാലയിലുണ്ടായ അഗ്‌നിബാധക്ക് പൂരം വിവാദവുമായി ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലെ വ്യക്തമാകൂവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ പറഞ്ഞു. പൂരം വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഷോട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ല. തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടു.

അഗ്രശാലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കണം. യഥാര്‍ഥ വസ്തുതകള്‍ ഇല്ലാതെയാണ് പൊലീസിന്റെ എഫ്‌ഐആര്‍. വിളക്കിന്റെ തിരി എലി കൊടുത്തുകൊണ്ടുപോയി ഇട്ടതുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്നാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുവരണം. 90 ശതമാനം പാള പ്ലേറ്റുകള്‍ക്കും വിളക്കുകള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.

എന്നാല്‍ പാള പ്ലേറ്റുകള്‍ കത്തിച്ചു എന്നാണ് എഫ്‌ഐആര്‍. യഥാര്‍ത്ഥ വസ്തുതകള്‍ക്കും സംഭവങ്ങള്‍ക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആര്‍. ഫോറന്‍സിക്കിന് പുറമേ എക്സ്പ്ലോസീവ് വിഭാഗവും പരിശോധന നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ടുകൊണ്ട് ലോകം മുഴുവന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിലുണ്ടായ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് പാറമേക്കാവ് ദേവസ്വം പറഞ്ഞു.

Related Articles
Next Story