ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം: ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയില്‍

തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു.

കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. ഉമ തോമസിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അപകടത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.ഇതേത്തുടര്‍ന്ന് സംഘാടകരായ മൃദംഗവിഷന്‍ എംഡി നിഗോഷും, ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം നിഗോഷ് കീഴടങ്ങിയെങ്കിലും, ജനീഷ് കീഴടങ്ങാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles
Next Story