ഇസ്രയേലിൽ പാളയത്തിൽ പട; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ​ നീക്കം നടക്കുന്നതായി വെളിപ്പെടുത്തി മകൻ യായിർ നെതന്യാഹു

ഇൻ്റലിജൻസ് ഏജൻസി നെതന്യാഹുവിനെതിരെ തിരിഞ്ഞെന്ന് വെളിപ്പെടുത്തൽ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ​ നീക്കം നടക്കുന്നതായി വെളിപ്പെടുത്തി മകൻ യായിർ നെതന്യാഹു. ​ സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹത്തിൻ്റെ ആരോപണം.


രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള ഷിൻ ബെതിൻ്റെ നേതൃത്വത്തിലാണ് അട്ടിമറി ശ്രമങ്ങൾ നടക്കുന്നത്. അമൻ ( മിലിറ്ററി ഇൻ്റലിജൻസ് ), മൊസാദ് (വിദേശ രഹസ്യാന്വേഷണ ഏജൻസി) എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഇസ്രായേലി ഇൻ്റലിജൻസ് കമ്മ്യൂണിറ്റിയുടെ മൂന്ന് പ്രധാന സംഘടനകളിൽ ഒന്നാണ് ഷിൻ ബെത് എന്നറിയപ്പെടുന്ന ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി (ഐഎസ്എ).

സർക്കാറിനെ അട്ടിമറിക്കാനും ഇസ്രയേൽ പ്രതിരോധ സേനാംഗങ്ങളെ (ഐഡിഎഫ്) പീഡിപ്പിക്കാനും നീക്കം നടന്നതായിട്ടാണ് ആരോപണം. എക്സ് വഴി തുടർച്ചയായി പോസ്റ്റുകൾ പങ്കുവച്ചാണ് ഷിൻബെതിനെതിരെ യായിർ രംഗത്തെത്തിയിരിക്കുന്നത്. രഹസ്യാന്വേഷണ രേഖകൾ ചോർത്തി, യുദ്ധവുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗങ്ങൾ ചോർത്തി, മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് യായിര്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബർ ഏഴിന് നടന്ന ഇതുവരെയുള്ള ഏറ്റവും ശക്തമായ ആക്രമണത്തെ കുറിച്ച് കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യ സിൻവാർ, ഷിൻ ബെതിനു വിവരം കൈമാറിയതായി മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും യായിർ ചൂണ്ടിക്കാട്ടുന്നുണ്ട്. 1,200 ഓളം സാധാരണക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. ചെറിയ ആക്രമണം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർക്ക് സിൻവാർ നൽകിയ വിവരമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് നെതന്യാഹുവിന് അറിയാമായിരുന്നെന്ന റിപ്പോർട്ട് മുഴുവൻ തെറ്റാണെന്ന് പ്രധാനമന്ത്രിയുടെ മകൻ അവകാശപ്പെട്ടു. തൻ്റെ പിതാവിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും യായിർ കുറിച്ചു.

ഇപ്പോൾ ഇസ്രയേൽ സൈനികരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഷിൻ ബെത് തന്നെയാണ്. ഗാസയിലെ അൽഷിഫ ആശുപത്രി ഡയറക്ടറായ ഡോ. മെൻഗെലെയെയും നിരവധി ഭീകരവാദികളെയും ജയിലിൽ സ്ഥലമില്ലെന്നു പറഞ്ഞ് വെറുതെവിട്ടവരാണ് ഇവരെന്നും യായിർ കുറ്റപ്പെടുത്തുന്നു

അതേസമയം ഐഡിഎഫിലെ നാല് സൈനിക ഉദ്യോഗസ്ഥരും നെതന്യാഹുവിൻ്റെ വക്താവ് എലി ഫെൽഡ്‌സ്റ്റൈനും സൈന്യത്തിൻ്റെ രഹസ്യാന്വേഷണ രേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലാണ്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് നെതന്യാഹുവിന്‍റെ 33കാരനായ മകൻ യായിർ കഴിയുന്നത്. ഗാസയിൽ യുദ്ധം ആരംഭിച്ചപ്പോൾ, മകന്‍റെ സുരക്ഷ വർധിപ്പിക്കണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ ഓൺലൈൻ പോസ്റ്റുകൾക്ക് ഒന്നിലധികം തവണ യായിർ നിയമ നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് ഇയാൾ.

Related Articles
Next Story