സരിന് പിന്നാലെ യൂത്ത് കോണ്‍. മുന്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു

പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ്‌ പാര്‍ട്ടി വിടുന്നത്

പാലക്കാട്: കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ ഡ‍ോ.പി.സരിന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് ആണ് പാർട്ടി വിട്ടത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ്‌ പാര്‍ട്ടി വിടുന്നത്. സരിനെപ്പോലെ സിപിഎമ്മിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കാനാണ് ഷാനിബിന്റെയും തീരുമാനം. സരിന്‍റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ട്. കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരന്‍. ഇതിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് ആരോപിച്ചു. ആറന്മുളയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും ഷാനിബ് പറഞ്ഞു.

“സിപിഎം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ല. ഉമ്മൻചാണ്ടിയുടെ മരണശേഷം പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണ്. പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുന്നു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്‍റെ തീരുമാനം. എതിര്‍ത്താല്‍ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും.”

“രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പിൽ വിവരം വി.ഡി.സതീശന് കൈമാറി അദ്ദേഹത്തിനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശൻ ആർഎസ്എസിന്റെ കാല് പിടിക്കുകയാണ്.” – ഷാനിബ് പറഞ്ഞു.

Related Articles
Next Story