എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ കാത്തിരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ കാത്തിരിക്കാന്‍ ഹൈക്കോടതി ഉത്തരവ്



അന്തരിച്ച സിപിഎം മുൻ കേന്ദ്ര കമ്മറ്റി അംഗം എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. പൊതുദർശനത്തിന് ശേഷം കളമശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകണം. അന്തിമതീരുമാനം വരുന്നത് വരെ അത് വൈദ്യ പഠനമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. മെഡിക്കൽ കോളേജിന് കൈമാറരുത് എന്നാവശ്യപ്പെട്ട് ലോറൻസിൻ്റെ മകള്‍ ആശ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് വിജി അരുണിൻ്റേതാണ് ഉത്തരവ്.

സജീവ്, സുജാത, ആശഎന്നീ മൂന്നു മക്കളുടേയും അഭിപ്രായം കേട്ടശേഷം മാത്രം വേണം അവസാന തീരുമാനമെടുക്കാനെന്നും കോടതി നിർദേശിച്ചു. നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു ശേഷം ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറുമെന്നായിരുന്നു മകനും പാർട്ടിയും അറിയിച്ചത്. ഇതിനെതിരെയാണ് മകൾ ആശ രംഗത്ത് എത്തിയത്. ഇത്തരത്തിലൊരു ആഗ്രഹം അച്ഛൻ പ്രകടപ്പിച്ചിരുന്നില്ലെന്നാണ് അവർ പറയുന്നത് പറയുന്നത്.

മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാൻ താത്പര്യമില്ല. എല്ലാ മക്കളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ബിജെപിയിലെയും ആർഎസ്എസിലെ ചിലർ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതൊക്കെയെന്ന് ലോറൻസിൻ്റെ മകൻ സജീവ് പ്രതികരിച്ചു. പിതാവിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറാൻ തീരുമാനിച്ചത്. സിപിഎമ്മിനേയും പാർട്ടി നേതാക്കളെയും പൊതുജന മധ്യത്തിൽ അവഹേളിക്കാനാണ് ഇതെല്ലാം ആശ ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.

Related Articles
Next Story