അയ്യപ്പൻമാരുടെ കച്ചയ്‌ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്‌ക്ക് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുന്നതായി ആരോപണം
കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്‌ക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുമുളള അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ചെവിക്കൊളളാതെ സർക്കാരും ജില്ലാ ഭരണകൂടവും.
എരുമേലി ജമാഅത്തെയുടെയും വ്യാപാരികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സാധനങ്ങൾക്ക് കൊളളവില നിശ്ചയിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയതെന്ന ആക്ഷേപം ശക്തമാണ്.
പേട്ടതുളളലിനുളള ശരം, ഗദ, വാൾ, കിരീടം, കുങ്കുമം തുടങ്ങി ഓരോന്നിനും 35 രൂപ വീതം ഈടാക്കാൻ ആണ് തീരുമാനം. പേട്ടതുള്ളൽ സാധനങ്ങൾക്ക് ശബരിമലയിലേതിനേക്കാൾ കൂടിയ വിലയാണ് ഇത്. ശരക്കോലിന് അഞ്ച് രൂപയാണ് അയ്യപ്പസേവാസംഘം ശുപാർശ ചെയ്ത വില. കച്ചവടക്കാർ 50 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനൊടുവിലാണ് വില ഏകീകരണമെന്ന പേരി 35 രൂപ നിശ്ചയിച്ചത്. ശബരിമലയിൽ ഇതിന് 10 രൂപയാണ്.
കച്ചയ്‌ക്ക് 5 രൂപയാണ് അയ്യപ്പസേവാ സമാജം നിർദ്ദേശിച്ച വില. കച്ചവടക്കാർ അൻപത് രൂപയും. ഒടുവിൽ ഇതിനും 35 രൂപയിലെത്തി. ഗദയ്‌ക്ക് 7 രൂപയാണ് അയ്യപ്പസേവാ സമാജം നിർദ്ദേശിച്ച തുക. കച്ചവടക്കാർ ഇതിനും 50 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്.
എരുമേലിയിലെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതലും സ്ഥിതിചെയ്യുന്നത് എരുമേലി ജമാഅത്തിന്റെ ഭൂമിയിലാണ്. ഇത്തവണത്തെ തറലേലം കഴിഞ്ഞുവെന്നും ഇനി വില ഏകീകരണം ഉണ്ടായാൽ വലിയ നഷ്ടമുണ്ടാകുമെന്നും പറഞ്ഞാണ് വില കുറയ്‌ക്കണമെന്ന ആവശ്യത്തോട് എരുമേലി ജമാഅത്തും താൽക്കാലിക കച്ചവടക്കാരും മുഖംതിരിച്ചത്. ഇതിനെതിരെ ശബരിമല കർമ്മ സമിതി നാമജപയാത്ര ഉൾപ്പെടെ നടത്തി പ്രതിഷേധിച്ചിരുന്നു.