15200 രൂപയുടെ എൽഇഡി ടിവി അടിച്ചുപോയി, വാറന്‍റിയുണ്ടായിട്ടും ടിവി റിപ്പയർ ചെയ്ത് നൽകിയില്ല, സാംസംഗ് ഇന്ത്യ ലിമിറ്റഡ്‌ന് പിഴ

വാറന്‍റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടി വി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു

കൊച്ചി: വാറന്റി കാലയളവിൽ ടിവി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കൾ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.


5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും ഉത്തരവിട്ടു. എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ , സാംസംഗ് ഇന്ത്യ ലിമിറ്റഡ്‌നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽ ഇ ഡി ടിവി വാങ്ങിയത്. മൂന്നുവർഷത്തിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ വാറന്റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടിവി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു. തുടർന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

മൂന്നുവർഷത്തെ വാറന്റി കാലയളവിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പിഴത്തുക 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണം. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Related Articles
Next Story