ദേവസ്വം ബോർഡിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം ; ദൈവത്തിന് പണം ആവശ്യമില്ല, ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്തർ പണം കൊണ്ടുപോകരുതെന്ന് വിജി തമ്പി

ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടത്തുന്ന ഏകാദശി ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് എന്ത് അധികാരമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ​ഹൈന്ദവ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുക എന്നതാണ് ഇടതുസർക്കാരിന്റെ അജണ്ടയെന്നും വർഷങ്ങളായി നടന്നുവരുന്ന ആചാരം എന്തിന്റെ പേരിലാണ് മാറ്റുന്നതെന്നും വിജി തമ്പി ചോദിച്ചു. ​ഉദയാസ്തമന പൂജ മാറ്റണമെന്ന ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ ജനം ടിവി ഡിബേറ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി നടക്കുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം ബോർഡിനോ തന്ത്രിക്കോ ആർക്കും അധികാരമില്ല. ദേവന്റെ പിതൃസ്ഥാനീയനാണ് തന്ത്രി. ദേവസ്വം ബോർഡ് ആവശ്യപ്പെടുമ്പോൾ എന്തിനാണ് തന്ത്രി അതിന് അനുവാദം നൽകിയത്. ദേവന്റെ ആചാരം മാറ്റണമെങ്കിൽ ആദ്യം ദേവഹിതം അറിയണം. ആചാരലംഘനം വച്ചുപൊറുപ്പിക്കാൻ ഒരിക്കലും സാധിക്കില്ല.

ദേവസ്വം ബോർഡിന് സാമ്പത്തികലാഭം മാത്രമാണ് ചിന്ത. ഭക്തർ എന്തിനാണ് ക്ഷേത്രത്തിൽ പോകുമ്പോൾ പണം കൊണ്ട് കൊടുക്കുന്നത്. ദൈവത്തിന് കാശ് ആവശ്യമില്ല. ​ഗുരുവായൂർ ക്ഷേത്രത്തിലൊക്കെ സിപിഎം അവരുടെ പാർട്ടിക്കാരെ തിരുകി കയറ്റുകയാണ്. ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കുക എന്നത് മാത്രമാണ് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തം. ആചാരാനുഷ്ഠാനങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം ദേവസ്വത്തിനില്ല. ശങ്കരചാര്യർ തിട്ടപ്പെടുത്തിയ ചിട്ട മാറ്റാൻ ദേവസ്വത്തിന് ഒരു അധികാരവുമില്ലെന്നും വിജി തമ്പി പറഞ്ഞു.

Related Articles
Next Story