അമേരിക്കയിൽ അയോധ്യ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നു: കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽ നിന്നും മണ്ണ് എത്തിക്കും

ഹൂസ്റ്റൺ: അമേരിക്കയിൽ അയോധ്യ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റണിലാണ് സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാമക്ഷേത്രം ഉയരുന്നത്. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അഞ്ചേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്ര സമുച്ചയത്തിൽ ആശ്രമവും ഹനുമാൻ പ്രതിഷ്ഠയും ഉപദേവതാ ക്ഷേത്രങ്ങളും ഉൾപ്പെടെയുണ്ടാകും. ക്ഷേത്ര നിർമാണ വിളംബരം നടത്തി. 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

ആറ്റുകാൽ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാർത്ഥനയോടുകൂടിയ ചടങ്ങിലാണ് ക്ഷേത്ര നിർമ്മാണ വിളംബരം നടന്നത്. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാർ, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് നിഷ പിള്ള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമ്മം നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഘടകങ്ങൾ നഗരാധികാരികൾക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2026 നവംബർ 24ന് ആദ്യ ഘട്ടം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ഈ ഘട്ടത്തിൽ വിശാലമായ ആശ്രമം, അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിൽ ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടെ ദേവീ ദേവതാ പ്രതിഷ്ഠകൾ ഉള്ള ഭവ്യക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കല്പ ഇടങ്ങൾ എന്നിവയുണ്ടാകും.2027 നവംബർ 24ന്, സനാതന ധർമ്മ തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ശക്തിപ്പെടുത്തുന്നതിനായി ആഗോള ധനകാര്യ സ്ഥാപനത്തിന്റെ രൂപീകരണവും നടക്കും. സനാതന ഹിന്ദു സർവകലാശാലയുടെ സ്ഥാപനം 2027 നവംബർ 24ന് നടക്കും.

കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽനിന്നോ പരദേവതാ ക്ഷേത്രങ്ങളിൽനിന്നോ മണ്ണ് എത്തിച്ച് ഈ ക്ഷേത്രത്തിൽ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും. കലശത്തിൽ കൊണ്ടുവരുന്ന മണ്ണ് മുലപ്രതിഷ്ഠയ്‌ക്ക് സമീപം പ്രത്യേകമായി സംരക്ഷിക്കും. ആവശ്യമുള്ളപ്പോൾ കലശം പുറത്തെടുത്ത് പൂജ ചെയ്യാനും അവസരം നൽകും ഇത് അവരുടെ കുടുംബക്ഷേത്രമായി ഔദ്യോഗികമായി ബന്ധപ്പെടുത്തപ്പെടുമെന്ന് കോർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.

ഒരു കുടുംബമോ വംശമോ പാരമ്പര്യമായി സേവിക്കപ്പെടുന്ന ദേവതകളോടുള്ള ആത്മബന്ധത്തെ ആഴത്തിൽ അംഗീകരിക്കുന്ന സംരംഭമാണിത്. കുടുംബത്തിന്റെയും വംശത്തിന്റെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന പരദേവതകളുടെ ആചാരപരമായ ധർമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ആത്മീയ സംരക്ഷണം ഉറപ്പാക്കപ്പെടും.ലോകമെമ്പാടുമുള്ള എല്ലാ കുടുംബക്ഷേത്രങ്ങളിലെ ദിവ്യ മണ്ണ് സമാഹരിച്ചു സംരംഭത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പാരമ്പര്യത്തിന്റെ അനന്ത ബന്ധം പ്രകടമാക്കുകയാണ് ലക്ഷ്യം. ഇതുവഴി, ഹിന്ദു വീടുകളെ അയോധ്യയുമായി ആത്മീയ ബന്ധത്തിലേക്കു നയിക്കുന്ന സമഗ്ര സംരംഭമായി ക്ഷേത്രം ഉയരുമെന്നാണ് സംഘാടകർ ചൂണ്ടിക്കാട്ടുന്നത്.

ലോക സമാധാനത്തിനായി വിശ്വ പ്രതീക്ഷയായിത്തീരുന്ന പുതിയ അയോദ്ധ്യ ക്ഷേത്രം അമേരിക്കൻ ഹിന്ദു സമൂഹത്തിന്റെ ആത്മീയ ആവശ്യം നിറവേറ്റുന്നതോടൊപ്പം സാംസ്‌കാരിക ഐക്യത്തിനും പങ്കാളിത്തത്തിനും ഉദാഹരണമാവും. ആത്മീയ ശക്തിയും സാമ്പത്തിക സ്ഥിരതയും വേദജ്ഞാനവും സംയോജിപ്പിച്ച് സമൃദ്ധവും സമാധാനവും നിറഞ്ഞ ലോകം സൃഷ്ടിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രാഥമിക ലക്ഷ്യം. ആത്മീയ ഏകതയെ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കാനും ആഗോള ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കാവുന്ന അവസരമായി നിരവധി ആളുകൾ പിന്തുണ പ്രഖ്യാപിച്ചതായി ഫൗണ്ടേഷൻ ഭാരവാഹിളായ ശ്രീശക്തി ശാന്താനന്ദ മഹർഷി,ജി കെ പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള എന്നിവർ അറിയിച്ചു.

Related Articles
Next Story