കേരളത്തിൽ മൂന്നോ നാലോ ക്ഷേത്രങ്ങളിൽ മാത്രമേ ഈ ചടങ്ങ്‌ നടക്കുന്നുള്ളൂ !

തൃശൂർ ജില്ലയിലെ കലാസാംസ്കാരിക പെരുമ കൊണ്ട്‌ പ്രസിദ്ധമായ ചെറുതുരുത്തി എന്ന മനോഹരമായ ഗ്രാമത്തിൽ നെടുമ്പുര എന്ന സ്ഥലത്താണ്‌ കുലശേഖരനെല്ലൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നിളയുടെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ സകല ഐശ്വര്യത്തിനും കാരണഭൂതനായ മഹാദേവൻ വാഴുന്ന ,കേരളത്തിലെ 108 ശിവാലയങ്ങളിലൊന്നായ ഈ മഹാക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം ഇവിടെ.

കേരളത്തിൽ വളരെ വിരളമായി കാണുന്ന ഗജപൃഷ്ഠാകൃതിയിൽ ഉള്ള ശ്രീകോവിലിൽ കിഴക്കോട്ട്‌ ദർശനം ആയി മൃത്യുഞ്ജയ ഭാവത്തിലുള്ള ഉഗ്ര മൂർത്തിയായി മഹാദേവൻ ഇവിടെ വാഴുന്നു. ഉഗ്രമൂർത്തിയായ ഭഗവാന്റെ ഉഗ്രത കുറയ്ക്കാൻ എന്ന സങ്കൽപ്പത്തിൽ ഉപദേവന്മാരായി ഗണപതി, ദുർഗ്ഗ,അയ്യപ്പൻ, കൃഷ്ണ ഭഗവാൻ എന്നീ പ്രതിഷ്ഠകളും ഉണ്ട്‌. പ്രധാന ശ്രീകോവിലിൽ മഹാദേവന്റെ കൂടെ ശ്രീ പാർവ്വതി സാന്നിധ്യം കൂടി ഉണ്ട്‌.ക്ഷേത്ര മതിൽക്കകത്തായി നാഗദേവത പ്രതിഷ്ഠയും ഉണ്ട്‌. രണ്ട്‌ നേരവും നിത്യേന പൂജയുണ്ട്‌. തന്ത്രം ഈക്കാട്ട്‌ മനക്കാർക്കും, കരിയന്നൂർ മനക്കാർക്കും ആണ്‌.സാധാരണ പ്രധാന മൂർത്തി ഒന്നേ ഉള്ളൂ എങ്കിൽ ഒന്നിലധികം തന്ത്രിമാർ ഉള്ള ക്ഷേത്രം കേരളത്തിൽ വിരളമാണ്‌ .

ഇവിടെ രണ്ട്‌ തന്ത്രി വരാൻ കാരണം എന്താന്ന് വച്ചാൽ, വളരെ പ്രസിദ്ധമായ ജയാബലി എന്ന താന്ത്രിക പ്രധാനമായ ചടങ്ങ്‌ നടക്കാറുണ്ട്‌ ഇവിടെ. കേരളത്തിൽ മൂന്നോ നാലോ ക്ഷേത്രങ്ങളിൽ മാത്രമെ ഈ ചടങ്ങ്‌ നടക്കുന്നുള്ളൂ. നെടുമ്പുര തേവർക്ക്‌ വളരെ പ്രിയപ്പെട്ട ഈ ചടങ്ങ്‌ നടത്തുന്നത്‌ തന്ത്രിയാണ്‌ . ഒരിക്കലും തന്ത്രിക്ക്‌ പുല വന്ന് ചടങ്ങ്‌ മുടങ്ങരുത്‌ എന്ന് കരുതിയാണ്‌ ഈ ക്ഷേത്രത്തിൽ രണ്ട്‌ തന്ത്രികൾ ഈ ക്ഷേത്രത്തിൽ വന്നത്‌. കപ്ലിങ്ങാട്ട്‌ മന, മാത്തൂർ മന , മേക്കാട്ട്‌ മന,കരിപ്പാല മന, തിരുവല്ലക്കാട്ട്‌ മന, വൈലിശ്ശേരി മന, എന്നിവരാണ്‌ ക്ഷേത്ര ഊരാളന്മാർ.

Related Articles
Next Story