ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ, സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കും

വാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ. 2025 ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്താൻ ബൈഡൻ ട്രംപിനെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

2020-ലെ തിരഞ്ഞെടുപ്പിൽ തോറ്റ അന്നത്തെ പ്രസിഡന്റ് ട്രംപ്, ജയിച്ച ബൈഡനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറൽ കോളജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്. 2016-ൽ ഇലക്ടറൽ കോളജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലർ വോട്ടുകളിൽ അന്ന് വിജയം എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറൽ കോളജ്- പോപ്പുലർ വോട്ടുകൾക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.

Related Articles
Next Story