ആറ് യുഎസ് നിര്‍മിത മിസൈലുകളുമായി ഉക്രെയ്ന്‍ ആക്രമിച്ചെന്ന് റഷ്യ

മോസ്‌കോ: യുഎസ് നിര്‍മിത മിസൈലുകളുമായി ഉക്രെയ്ന്‍ ആക്രമണം നടത്തിയെന്ന് റഷ്യ. റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് ആറ് യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈലുകള്‍ ഉക്രെയ്ന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രെയ്‌ന് അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആക്രമണം.അര്‍ദ്ധരാത്രി ബ്രയാന്‍സ്‌കിലെ സൈനിക ആയുധ ഡിപ്പോയില്‍ മിസൈല്‍ പതിച്ചതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു, എന്നാല്‍ ഏത് മിസൈലാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയില്ല.

ലക്ഷ്യസ്ഥാനത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ കേട്ടതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു.റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട പ്രസ്താവനയില്‍, എടിഎസിഎംഎസ് എന്നറിയപ്പെടുന്ന അഞ്ച് മിസൈലുകള്‍ സൈന്യം വെടിവെച്ച് വീഴ്ത്തിയതായും പിന്നീട് ഒരെണ്ണം കൂടി നശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈനിക കേന്ദ്രത്തിന്റെ പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതെന്ന് മന്ത്രാലയം അറിയിച്ചു. താഴെവീണ അവശിഷ്ടങ്ങള്‍ ആളിക്കത്തിയെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയില്ലെന്നും മന്ത്രാലയം പറയുന്നു.ആയിരക്കണക്കിന് ഉത്തരകൊറിയന്‍ സൈനികരെ റഷ്യ വിന്യസിച്ചതിന് ശേഷം ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയ്ക്കുള്ളില്‍ ആഴത്തില്‍ ആക്രമണം നടത്താന്‍ യുഎസ് വിതരണം ചെയ്ത മിസൈലുകള്‍ ഉപയോഗിക്കാന്‍ ബൈഡന്‍ ഉക്രെയ്‌നെ അധികാരപ്പെടുത്തിയിരുന്നു. യുഎസിന്റെ തീരുമാനം അപകടകരമാണെന്നും മൂന്നാം ലോകമഹായുദ്ധം വിളിച്ചു വരുത്തുന്നതെന്നുമായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്.

Related Articles
Next Story