യുഎസിൽ പോളിങ് തുടക്കം ന്യൂഹാംഷയറിൽ, അവസാനിക്കുക അലാസ്കയിൽ
ചരിത്രപ്രസിദ്ധമായ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പാരമ്പര്യം ഉയർത്തിപ്പിടിച്ച് ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്‌വിൽ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ ആ നേരം വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗമായി തുടങ്ങും. അപ്പോൾ അവിടെ സമയം ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞിട്ടേയുണ്ടാകൂ. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആദ്യം വോട്ട് ചെയ്യുന്നത് അവിടത്തുകാരാണ്. ഇന്ത്യൻസമയം ബുധനാഴ്ച ഉച്ചയോടെ അലാസ്കയിലാകും വോട്ടെടുപ്പിന്റെ പര്യവസാനം.
സംസ്ഥാനങ്ങൾക്കനുസരിച്ച് പോളിങ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയിൽ (ഇന്ത്യൻ സമയം വൈകീട്ട് 4.30-6.30) ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയിൽ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30-7.30) അവസാനിക്കും. ഇന്ത്യൻ സമയം ബുധനാഴ്ച ആറു മണിയോടെ ആദ്യഫല സൂചനകൾ കിട്ടിത്തുടങ്ങും.
ഇലക്ടറൽ കോളേജ് രാജ്യത്തുടനീളമുള്ള വോട്ടർമാർ, ഇലക്ടറൽ കോളേജിലേക്കുള്ള ഇലക്ടർമാർക്ക് വോട്ടുചെയ്താണ് അടുത്ത പ്രസിഡന്റിനെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽകോളേജിൽ, പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടുരേഖപ്പെടുത്തുക ഈ ഇലക്ടർമാരാണ്. ഇത്തവണത്തെ 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം.
യുഎസിൽ വോട്ടവകാശമുള്ള 22 കോടി ജനങ്ങളുണ്ട്. അതിൽ 16 കോടി പേർ റജിസ്റ്റർ ചെയ്ത വോട്ടർമാരാണ്. അതിൽ ഏഴരകോടിയിലേറെ ആളുകൾ വോട്ടുചെയ്തു കഴിഞ്ഞു.
ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും ( 435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും 11 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.