'മീശ' നോവല്‍ വിവാദം: മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തി ഭീമ

കൊച്ചി: എസ് ഹരീഷിന്റെ 'മീശ' നോവല്‍ വിവാദത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഭീമ. ഭീമ ജൂവലറി മാതൃഭൂമി പത്രത്തിലേക്കുള്ള…

By :  Editor
Update: 2018-08-05 02:13 GMT

കൊച്ചി: എസ് ഹരീഷിന്റെ 'മീശ' നോവല്‍ വിവാദത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഭീമ. ഭീമ ജൂവലറി മാതൃഭൂമി പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ പരസ്യ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭീമ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിക്കെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയില്‍ നടത്തിയ ആക്രമണം പത്രത്തിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഭീമ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു.

ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്. ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്ന് ഭീമ ജുവല്ലേഴ്‌സ്

Tags:    

Similar News