ഓണം ബക്രീദ്: യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍

മലപ്പുറം: ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെ കൊള്ളലാഭം. ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഈ മാസം നല്‍കേണ്ടത് 30,000 രൂപയ്ക്ക് മുകളിലാണ്.…

;

By :  Editor
Update: 2018-08-12 23:43 GMT

മലപ്പുറം: ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെ കൊള്ളലാഭം. ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഈ മാസം നല്‍കേണ്ടത് 30,000 രൂപയ്ക്ക് മുകളിലാണ്.

ശരാശരി 13 മണിക്കൂറാണ് ലണ്ടനില്‍ നിന്നു കേരളത്തിലേക്ക് എത്താന്‍ വേണ്ടത്. മുന്‍നിര വിമാനക്കമ്പനികളുടെ അടക്കം ഇക്കണോമി ക്ലാസില്‍ 25,000 രൂപയ്ക്കുള്ളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുമ്പോഴാണ് പരമാവധി നാല് മണിക്കൂര്‍ വേണ്ടാത്ത ദുബായ്ക്ക് അരലക്ഷത്തിനടുത്ത് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുള്ള എയര്‍ ഇന്ത്യയില്‍ 15,000 20,000 ആണ് ഇപ്പോഴത്തെ നിരക്ക് എങ്കില്‍ ഓണത്തോടനുബന്ധിച്ച് അത് 25,000 രൂപയായി ഉയരും.

സീസണല്ലാത്തതിനാല്‍ കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് ദുബായിലേക്കും തിരിച്ചും 6,000 രൂപ മാത്രമായിരുന്നു നിരക്ക്. മറ്റ് ഗള്‍ഫ് നാടുകളിലേക്കും സമാനമായ കുറവുണ്ടായിരുന്നു.

ആഗസ്റ്റില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. ആഗസ്റ്റ് അവസാനവും സെപ്റ്റംബറിലുമാവും ഇവര്‍ തിരിച്ചുപോവുക. ഇതു മുന്നില്‍കണ്ടാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.

എയര്‍ ഇന്ത്യയില്‍ ഇന്ന് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് 12,500 രൂപയാണ് നിരക്ക്. ഓണം കഴിഞ്ഞു തൊട്ടടുത്ത ദിവസം 24,500 രൂപയാണ്. സെപ്തംബര്‍ ഒന്നിന് 37,000 രൂപ വരെയായി ഉയരുന്നു. കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുള്ള വിദേശ വിമാനക്കമ്പനി ഇതേദിവസം ഈടാക്കുന്നത് 45,000 രൂപയും.

യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് പലമടങ്ങാക്കി കൊള്ള ലാഭം കൊയ്യുകയാണ് വിമാനക്കമ്പനികള്‍. ഗള്‍ഫ് യാത്രക്കാര്‍ കൂടുതലുള്ള കരിപ്പൂരിലേക്ക് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെക്കാള്‍ 3,000 രൂപ വരെ അധികം ഈടാക്കുകയും ചെയ്യുന്നുണ്ട്.

സെപ്തംബറില്‍ കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ നിരക്ക്;

റിയാദ്; 40,000 – 44,000

ദമാം; 34,000 – 42,000

ദോഹ; 32,000 – 39,000

ഷാര്‍ജ; 33,000 – 38,000

Similar News