കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗരേഖയുമായി പാക് മനുഷ്യാവകാശ മന്ത്രി
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിയും മാര്‍ഗരേഖയും തയ്യാറാക്കിയതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രിയായ ഷിറീന്‍ മസാറി. പാക്കിസ്ഥാനിലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താന്‍…
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിയും മാര്‍ഗരേഖയും തയ്യാറാക്കിയതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രിയായ ഷിറീന്‍ മസാറി. പാക്കിസ്ഥാനിലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താന്‍ തയ്യാറാക്കിയ മാര്‍ഗരേഖ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നില്‍ വൈകാതെ അവതരിപ്പിക്കുമെന്നും മസാറി പറഞ്ഞു. എന്നാല്‍ ഇതേപറ്റി കൂടുതല്‍ വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
തര്‍ക്കപരിഹാരത്തിന്റെ മാതൃക എന്നാണ് മസാറി ഈ മാര്‍ഗരേഖയെ വിശേഷിപ്പിക്കുന്നത്. കുറച്ചുകാലമായി താന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ഇത് ഉന്നത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുമെന്നും അനുമതി കിട്ടിയാല്‍ മുന്നോട്ട് പോകുമെന്നും മസാറി വ്യക്തമാക്കി.
പാക്കിസ്ഥാനിലെ പ്രതിരോധ സുരക്ഷാ പ്രശ്‌നങ്ങളിലെ വിദഗ്ദ സമിതിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് മസാറി. ഇസ്ലാമാബാദിലെ ക്വായിദ്ഇഅസം യൂണിവേഴ്‌സിറ്റിയില്‍ പ്രതിരോധ യുദ്ധതന്ത്ര പഠനവിഭാഗത്തിലെ പ്രൊഫസറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ മസാറി തയ്യാറാക്കിയ മാര്‍ഗരേഖക്ക് വലിയ പ്രാധാന്യമാണ് നിരീക്ഷകര്‍ നല്‍കുന്നത്.