മനുഷ്യരേക്കാള്‍ വേഗത്തിലാണ് പ്രകൃതി, അടിയന്തിര ഇടപെടലുകള്‍ വേണം; അന്റോണിയൊ ഗുട്ടറസ്
ജനീവ: കേരളത്തിലെ പ്രളയവും കാലിഫോര്‍ണിയയില്‍ നിരന്തരമുണ്ടാകുന്ന തീപിടുത്തങ്ങളും അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മനുഷ്യരേക്കാള്‍ വേഗത്തിലാണ് പ്രകൃതിയെന്നും അടിയന്തര…
ജനീവ: കേരളത്തിലെ പ്രളയവും കാലിഫോര്‍ണിയയില്‍ നിരന്തരമുണ്ടാകുന്ന തീപിടുത്തങ്ങളും അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മനുഷ്യരേക്കാള്‍ വേഗത്തിലാണ് പ്രകൃതിയെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നാണ് അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ സൂചന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിനാളുകളാണ് പ്രകൃതി ദുരന്തത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 320 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 സാമ്പത്തിക-കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനിടയിലാണ് ഗുട്ടറസിന്റെ പരാമര്‍ശം.
കഴിഞ്ഞ 19 വര്‍ഷങ്ങളായി ലോകത്തിലെ ചൂട് ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഹരിത വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വലിയ അളവില്‍ കേന്ദ്രീകരിക്കാന്‍ അത് കാരണമായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ 100 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായത്. എത്രയും വേഗം കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ച് നിര്‍ത്താന്‍ പറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ പ്രധാനപ്പെട്ട 130 കമ്പനികള്‍ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിക്കാന്‍ തുടങ്ങിയെന്നും എല്ലായിടത്തും ഇതേ രീതി പിന്തുടരണമെന്നും വൈദ്യുതി ലഭ്യമാകാത്ത നിരവധിപ്പേര്‍ക്ക് ഇതുവഴി വൈദ്യുതി എത്തിക്കാന്‍ സാധിക്കുമെന്നും അന്റോണിയോ ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.