ലോകത്ത് പട്ടിണി വര്‍ധിക്കുന്നു: യുഎന്‍ റിപ്പോര്‍ട്ട്

2017ല്‍ ആഗോളതലത്തില്‍ 82.1 കോടിപേര്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ലോകത്ത് പട്ടിണി അനുഭവിക്കുന്ന ആളുകളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതായത് ഒമ്പതില്‍ ഒരാള്‍ക്ക്…

By :  Editor
Update: 2018-09-12 00:52 GMT

2017ല്‍ ആഗോളതലത്തില്‍ 82.1 കോടിപേര്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ലോകത്ത് പട്ടിണി അനുഭവിക്കുന്ന ആളുകളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതായത് ഒമ്പതില്‍ ഒരാള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ 22 ശതമാനം വളര്‍ച്ച മുരടിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട് പൊണ്ണത്തടി വര്‍ധിക്കുന്ന പ്രശ്‌നത്തിനും കാരണമാകുന്നെന്നും പറയുന്നു. മുതിര്‍ന്നവരില്‍ എട്ടില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയുള്ളതായി വിലയിരുത്തപ്പെടുന്നു. പ്രളയം, ചൂട്, കൊടുങ്കാറ്റ്, വരള്‍ച്ച എന്നീ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ 1990കളുടെ തുടക്കംമുതല്‍ ഇരട്ടിയായി. പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ലോകം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇത്തരം പ്രകൃതിദുരന്തങ്ങള്‍.

ഇതിനെ നേരിടാന്‍ ആഗോളതലത്തിലും പ്രാദേശികമായും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഫുഡ് പ്രോഗ്രാം, യൂണിസെഫ്, ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര കാര്‍ഷിക വികസന ഫണ്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Similar News