'ഉണ്ട' ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശം ; പ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി
കൊച്ചി : മമ്മൂട്ടി ചിത്രമായ 'ഉണ്ടയുടെ' ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണം.…
കൊച്ചി : മമ്മൂട്ടി ചിത്രമായ 'ഉണ്ടയുടെ' ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണം. അന്വേഷണവും വനഭൂമി പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍കോട് കാറഡുക്ക വനഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായരാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്രം നടപടിയെടുക്കണം. നിര്‍മാതാക്കളായ മൂവീസ് മില്‍ പ്രൊഡക്ഷനില്‍ നിന്ന് ചെലവ് ഈടാക്കണം. ഗ്രാവല്‍ നീക്കം ചെയുന്ന സമയത്തു പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.അതേസമയം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇത് നിഷേധിച്ചു.