ഒരേസമയം കുര്‍ബാനയ്ക്കിടെ മൂന്നു ദേവാലയങ്ങളില്‍ ചാവേറാക്രമണം: ആറു മരണം
ജക്കാര്‍ത്ത: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ചാവേറാക്രമണം. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി ആറു…
ജക്കാര്‍ത്ത: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ചാവേറാക്രമണം. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി ആറു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 35 പേര്‍ക്കു പരുക്കേറ്റു.
പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലാണ് മൂന്നു സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തൊനീഷ്യ ഭരണകൂടം വ്യക്തമാക്കി. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ദേവാലയങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്തൊനീഷ്യയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. 2000ലെ ക്രിസ്മസ് ദിനത്തില്‍ വിവിധ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇരുപതു പേര്‍ കൊല്ലപ്പെട്ടിരുന്നു.