സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ബിജുവുള്ളത്. തൊണ്ടയിലെ അസുഖത്തിന് ബിജു രാധാകൃഷ്ണനെ പലതവണ ജയില്‍ ഡോക്ടര്‍…
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ബിജുവുള്ളത്. തൊണ്ടയിലെ അസുഖത്തിന് ബിജു രാധാകൃഷ്ണനെ പലതവണ ജയില്‍ ഡോക്ടര്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഈ പരിശോധനകളില്‍ സംശയം തോന്നിയതോടെ ആര്‍സിസിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ആര്‍ സി സിയില്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ച മുമ്പാണ് ഇയാള്‍ക്ക് തൊണ്ടയില്‍ മാരക രോഗം കണ്ടെത്തിയത്.
ഇതിന് മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ രശ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ബിജു രാധാകൃഷ്ണന്‍. ഈയാഴ്ച ബിജുവിന് ആര്‍സിസിയില്‍ ചികിത്സ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന നിലയില്‍ ബിജു രാധാകൃഷ്ണനും സരിതാ നായരും ചേര്‍ന്ന് നടത്തിയ ടീം സോളാര്‍ എന്ന കമ്പനി നിരവധി പേരില്‍ നിന്നും സോളാര്‍ ചാനല്‍ ഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചു എന്ന കേസിലായിരുന്നു ഇരുവരും അറസ്റ്റിലായത്.
പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ഇവരുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിഞ്ഞതോടെ കേസിന് രാഷ്ട്രീയ മാനങ്ങള്‍ കൈവരികയായിരുന്നു. ഇതിന് പിന്നാലെ മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് ബിജു വീണ്ടും അറസ്റ്റിലാകുന്നതും ശിക്ഷ ലഭിക്കുന്നതും.