ക്യൂബയില്‍ വിമാനം തകര്‍ന്ന് നൂറിലേറെ പേര്‍ മരിച്ചു
ഹവാന(ക്യൂബ): ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. 104…
ഹവാന(ക്യൂബ): ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. 104 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമാണ് ക്യൂബന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ക്യുബാന' കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ വിമാനക്കമ്പനി ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.
അതേസമയം, മൂന്നു പേര്‍ ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ടതായി ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ടു ചെയ്തു. ടേക്ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ കൃഷിസ്ഥലത്തേക്കാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. തകര്‍ന്നയുടന്‍ പൊട്ടിത്തെറിച്ച വിമാനത്തിനു സമീപത്തേക്ക് നിരവധി അഗ്‌നിശമന വാഹനങ്ങള്‍ എത്തി.
അപകടവിവരമറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ക്യൂബയുടെ കിഴക്കന്‍ നഗരമായ ഹൊല്‍ഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുളളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
സാങ്കേതിക തകരാറുകള്‍ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങള്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ക്യുബാന വിമാനക്കമ്പനി സര്‍വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം സര്‍വീസിനായി മെക്‌സിക്കോയിലെ ഒരു വിമാനക്കമ്പനിയില്‍ നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്.