സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ല, മാധ്യമങ്ങള്‍ക്ക് വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം, സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴവഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്തനും വിവാദങ്ങളില്‍ ആരോപണവിധേയനുമായ…
ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം, സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴവഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്തനും വിവാദങ്ങളില്‍ ആരോപണവിധേയനുമായ മുന്‍ സ്പീക്കര്‍ കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
വിശ്വാസവോട്ടെടുപ്പ് ബൊപ്പയ്യ നടത്തിയാല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ഈ നിയമനം. സ്പീക്കറെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രായമല്ല, സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്ന് കോടതി മറുപടി നല്‍കി. ഏറ്റവും മുതിര്‍ന്നവരല്ലാത്തവര്‍ മുമ്പും പ്രോടെം സ്പീക്കറായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അങ്ങിനെയെങ്കിലും ബൊപ്പയ്യക്ക് കളങ്കിതമായ ചരിത്രമുണ്ടെന്നും പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു. 2011ല്‍ ബൊപ്പയ്യയുടെ നിലപാട് കോടതി വിമര്‍ശിച്ചിരുന്നുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി. അങ്ങിനെയങ്കില്‍ ബൊപ്പയ്യയുടെ വാദവും കേള്‍ക്കണ്ടതല്ലേയെന്നും കോടതി മറുപടി നല്‍കി. തര്‍ക്കം നീണ്ടാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. തത്സമയം സംപ്രേഷണത്തിന് അനുമതി നല്‍കിയാല്‍ ഹര്‍ജി പിന്‍വലിക്കാമെന്ന് സിബല്‍ വ്യക്തമാക്കി. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുകയെന്ന പതിവ് തെറ്റിച്ചാണ് ബൊപ്പയ്യയെ നിയോഗിച്ചത്. കീഴ്‌വഴക്കമനുസരിച്ച് മുതിര്‍ന്ന അംഗം പ്രോടെം സ്പീക്കറാവണമെന്ന് വിധിയില്‍ പ്രത്യേകം ചേര്‍ക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.