ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ
പത്തനംതിട്ട∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണമെന്ന് സർക്കാർ. മണ്ഡല–മകര വിളക്ക് പൂജകൾക്ക് പരമാവധി 5000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്…
പത്തനംതിട്ട∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണമെന്ന് സർക്കാർ. മണ്ഡല–മകര വിളക്ക് പൂജകൾക്ക് പരമാവധി 5000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ശബരിമല തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ വിശദമാക്കിയത്. സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിദിനം 1000 പേർക്ക് മാത്രമായിരിക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കുക. ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ വഴിയാകും സന്നിധാനത്തേക്ക് പ്രവേശനം. പമ്പ നദിയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകൾ സ്ഥാപിക്കുമെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൂജ സമയങ്ങളിൽ ഭക്തർക്ക് സന്നിധാനത്ത് പ്രവേശനം ഉണ്ടാകില്ല. തന്ത്രിയും മേൽശാന്തിയും അടക്കം ഉള്ളവരുടെ സുരക്ഷയെ കരുതിയാണ് ഈ നടപടി. സന്നിധാനത്തും പമ്പയിലും തീര്‍ഥാടകരെ തങ്ങാൻ അനുവദിക്കില്ല. തീര്‍ഥാടകർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ഥാടകർക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് പരിശോധന സംവിധാനങ്ങൾ ഒരുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.