മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അഞ്ചാം പ്രതി; ഒരാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത…
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്വപ്ന, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നു രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ശിവശങ്കറെ ഹാജരാക്കിയത്. കസ്റ്റഡിയില്‍ പീഡനം നേരിടുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും കോടതിയില്‍ ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ.ഡി. ഒരുക്കണമെന്നും മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കി