കേരളത്തില്‍ കൊറോണ വൈറസ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നുവെന്ന് ബിബിസി ; മരണ നിരക്ക് പിടിച്ചു നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിന് തിരിച്ചടിയായി ബിബിസി റിപ്പോര്‍ട്ട്

കേരള സര്‍ക്കാര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ ലേഖനം.സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ…

By :  Editor
Update: 2020-11-21 06:02 GMT

കേരള സര്‍ക്കാര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ ലേഖനം.സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്നും ബിബിസി ലേഖനത്തില്‍ പറയുന്നു.

മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കൊവിഡ് അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോര്‍ട്ട്. ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും കുറഞ്ഞത് അഞ്ചു വാര്‍ത്താ ചാനലുകളും കണ്ടാണ് അരുണ്‍ മാധവനും സംഘവും പട്ടിക തയാറാക്കിയത്. ഇപ്രകാരം വ്യാഴ്ച വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3356 ആണ്. എന്നാല്‍ ഇതില്‍ 40 ശതമാനത്തോളം മരണങ്ങള്‍ സര്‍ക്കാര്‍ മൂടിവെച്ചു. 'വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ കണ്ടില്ല,' ഡോ അരുണ്‍ മാധവ് പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു.

കേരളം ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യനെ ഉദ്ധരിച്ചും ബി.ബി.സി പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണ് എന്ന ആരോപണം ഉയരുന്നതിനിടെയാണ് മരണ സംഖ്യയും കുറച്ചു കാണിക്കുകയാണെന്ന തരത്തിലുള്ള റിപോര്‍ട്ട് പുറത്തുവന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ നിന്നും താഴ്ന്നു തുടങ്ങിയത് അടുത്ത ദിവസങ്ങളിലാണ്. ഏതാനും ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരത്ത് പത്തില്‍ താഴെയായാണ് തുടരുന്നത്. കേരളത്തിന്റെ കോവിഡ് പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകത്തെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതെല്ലാം സൈബര്‍ ലോകത്ത് വലിയ ആഘോഷമായിരുന്നു. ഏറ്റവും ഒടുവില്‍ വോഗിന്റെ പുരസ്‌ക്കാരം കെ കെ ശൈലജ ടീച്ചര്‍ക്കു ലഭിച്ചതെന്നതും വലിയ തോതില്‍ കേരളത്തില്‍ ആഘോഷമായിരുന്നു. എന്നാൽ ഇങ്ങനെ ഒരു വാർത്തയെ കണ്ടില്ലെന്നു നടിക്കുകയാണ് സൈബർ ലോകത്തെ ഒരു വിഭാഗം.എന്നാൽ മറ്റു കൂട്ടർ ഈ വാർത്ത ഏറ്റടുത്തു കഴിഞ്ഞു. .

Tags:    

Similar News