കേരളം കടുത്ത ചൂടിലേക്ക്; മിക്ക ജില്ലകളിലും താപനില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്നു. കടുത്ത ചൂടില്‍ കേരളം വലയുകയാണ്. മാര്‍ച്ച്‌ ഒന്ന് മുതല്‍ മൂന്നു മാസക്കാലമാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. മിക്ക…

By :  Editor
Update: 2021-03-01 04:19 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്നു. കടുത്ത ചൂടില്‍ കേരളം വലയുകയാണ്. മാര്‍ച്ച്‌ ഒന്ന് മുതല്‍ മൂന്നു മാസക്കാലമാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് ഡിഗി വരെ ഉയര്‍ന്നുകഴിഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള കിഴക്കന്‍ പസഫിക് സമുദ്രത്തിലും മധ്യ പസഫിക് സമുദ്രത്തിലും കടലിന്റെ ചൂട് സാധാരണയിലും കുറയുന്ന നീന പ്രതിഭാസം ഏപ്രിലോടെ കൂടുതല്‍ ദുര്‍ബമായേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില സാധാരണ നിലയില്‍ തുടര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര കാലവസ്ഥ ഏജന്‍സികളുടെ വിലയിരുത്തല്‍.

തീരദേശ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത ഉയര്‍ന്നതാണ്. അതിനാല്‍ വേനല്‍ക്കാലത്ത് താപനില ഉയരുന്നതോടെ, ചൂട് ആനുപാതികമായി ഉയരുകയും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതയുമുണ്ടാക്കും. വേനല്‍ക്കാല ദുരന്ത സാധ്യതകള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും.

അതിനിടെ, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. 81 ദശലക്ഷം യൂനിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്. 2019 മെയ് 23ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോഡിലെത്തിയത്, 88.34 ദശലക്ഷം യൂനിറ്റ്. എന്നാല്‍ പതിവില്ലാതെ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ഉപഭോഗം കുത്തനെ കൂടിയിരിക്കുകയാണ്.

വൈദ്യുതി ഉപയോഗം കൂടിയതോടെ ഉത്പാദനവും റെക്കോഡ് നിരക്കിലായി. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പാദനം പരമാവധിയിലാണ്. ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നു. 14.28 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ചത്തെ ഉത്പാദനം. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി കൊണ്ടുവന്നാണ് ഉപഭോഗം പിടിച്ച്‌ നിര്‍ത്തുന്നത്. ശനിയാഴ്ച കേന്ദ്രഗ്രിഡില്‍ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതി. തിരഞ്ഞെടുപ്പ് കാലം എത്തിയതോടെ വരും ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗം ഇനിയും കൂടാനാണ് സാധ്യത.

Tags:    

Similar News