കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി∙ കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാകില്ല. ഇതുകാണിച്ച്…

By :  Editor
Update: 2021-03-04 01:10 GMT

കൊച്ചി∙ കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാകില്ല. ഇതുകാണിച്ച് കിഫ്ബി ഇഡിക്ക് കത്തു നൽകി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തരത്തിൽ വിളിച്ചു വരുത്താനാവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കത്തു നൽകിയിരിക്കുന്നത്. നേരത്തെ കിഫ്ബി ഇടപാടുകൾ സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ നൽകിയിരുന്നതാണ്. കൂടുതലായി എന്തു വിവരമാണ് ആവശ്യമെന്നു അറിയിച്ചാൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള നീക്കമാണെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെ ഇവ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നൽകുമെന്നു മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡപ്യൂട്ടി എംഡി ഇന്ന് ഹാജരാകുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. കിഫ്ബി എംഡി കെ.എം. ഏബ്രഹാമിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹവും ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്.

കിഫ്ബിയുടെ മസാല ബോണ്ട് നിക്ഷേപ സമാഹരണം വിദേശ വിനിമയ ചട്ടം(ഫെമ) ലംഘിച്ചെന്നുള്ള സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇഡി കിഫ്ബിയുടെ ഇതര ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പു നടത്തിയിരുന്നു. തുടർന്നാണ് സിഇഒ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ തുടങ്ങിയവരെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News