ഇന്ധനവില വര്‍ധനക്കെതിരെ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന – പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച്…
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന – പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു . പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു .എന്നാല്‍, ഇതനുവദിക്കാതെ അധ്യക്ഷന്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.