കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്ന് സംഘാടകര്‍
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്ന് സംഘാടകര്‍. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. പൂരം നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച…
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്ന് സംഘാടകര്‍. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. പൂരം നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 23 നാണ് തൃശ്ശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളി തുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു.
നേരത്തെ പൂരത്തില്‍ ആനകളുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ പാറമേക്കാവ് രംഗത്തെത്തിയിരുന്നു. 15 ആനയെ അനുവദിക്കണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരത്തിന് മൂന്നു ആനയെ കൂടി കൊണ്ടുവന്നാല്‍ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം. തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശ്ശൂർ പൂരത്തിനെന്നാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്ന ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.