വൈദ്യുതി ബോര്‍ഡും അദാനിയും തമ്മില്‍ 8,850 കോടിയുടെ വഴിവിട്ട കരാർ ഒപ്പിട്ടതായി ചെന്നിത്തല
ഹരിപ്പാട്: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.…
ഹരിപ്പാട്: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നാണ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത് . ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കയ്യിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറിലാണ് കെ.എസ്.ഇ.ബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്.
300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് 25 കൊല്ലത്തേക്ക് വാങ്ങാനുള്ള ദീര്‍ഘകാല കരാറാണ് ഒപ്പുവെച്ചത്- അദ്ദേഹം പറഞ്ഞു. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതല്‍ നല്‍കേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.