ശ്രീ ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍
തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ രാജകുടുബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലാണ്…
തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ രാജകുടുബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലാണ് ഗൗരി ലക്ഷ്മിഭായിയുടെ വെളിപ്പെടുത്തല്‍.
ചിത്തിര തിരുനാള്‍ 18 വയസ് പൂര്‍ത്തിയായി അധികാരത്തിലെത്തുന്നത് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഈ കാലയളവില്‍ നടന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. രണ്ടു വധശ്രമങ്ങള്‍ അദ്ദേഹം പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും അധികാരമേറ്റ ദിവസമാണ് മൂന്നാമത്തെ വധശ്രമമെന്നും പുസ്തകത്തില്‍ പറയുന്നു. 'മൂന്നു വധശ്രമങ്ങള്‍. അതില്‍ രണ്ടെണ്ണം തിരുമനസ് രാജ്യഭാരം ഏല്‍ക്കുന്നതിന് മുന്‍പാണ്. ഒരെണ്ണം സ്ഥാനമേറ്റതിന്റെ അന്ന് വൈകിട്ട്. സ്ഥാനമേറ്റിട്ട് വെളിയിലിറങ്ങി രഥത്തില്‍ കയറുമ്ബോഴാണ് മൂന്നാമത്തെ വധശ്രമം.'-അശ്വതി തിരുനാള്‍ പറഞ്ഞു.
ചിത്തിര തിരുനാളിന്റെ അമ്മ സേതുപാര്‍വ്വതിഭായിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് അശ്വതി തിരുനാള്‍ വ്യക്തമാക്കി. 'ശ്രീപത്മനാഭന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാം തടയാന്‍ സാധിച്ചത്. ചിത്തിര തിരുനാളിനും അമ്മയ്ക്കും ഇക്കാര്യം പുറംലോകം അറിയുന്നതിന് താല്‍പര്യമുണ്ടായിരുന്നില്ല.' 1924ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ നിര്യാണത്തോടെ, 12-ാം വയസിലാണ് ചിത്തിര തിരുനാള്‍ മഹാരാജാവായത്. പ്രായപൂര്‍ത്തിയാകുന്നത് വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിഭായിയാണ് രാജപ്രതിനിധിയായി തിരുവിതാംകൂര്‍ ഭരിച്ചത്.
1912 നവംബര്‍ ഏഴിനാണ് ചിത്തിര തിരുനാള്‍ ജനിച്ചത്. 1931 നവംബര്‍ ആറിനാണ് സ്വന്തംനിലയില്‍ തിരുവിതാംകൂര്‍ ഭരണം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ഓണററി മേജല്‍ ജനറലും തിരുവിതാംകൂര്‍ സൈന്യത്തിന്റെ കേണല്‍ ഇന്‍ ചീഫുമായിരുന്നു. 1946ലെ പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പ്, 1947ലെ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം, സര്‍ സിപി രാമസ്വാമി അയ്യര്‍ക്ക് ദിവാന്‍ എന്ന നിലയില്‍ അമിത സ്വാതന്ത്ര്യം നല്‍കി തുടങ്ങിയവയാണ് ഭരണത്തിലെ ന്യൂനതകളായി ചരിത്രകാരന്‍മാര്‍ പറയുന്നത്. 1991 ജൂലൈ 19നാണ് അദ്ദേഹം അന്തരിച്ചത്.