സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളിൽ 2.5 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന…

By :  Editor
Update: 2021-04-15 05:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.

നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ എന്നിങ്ങനെ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്നവർ‌ക്കാണ് ടെസ്റ്റുകൾ നടത്തുന്നത്. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.

വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്കു നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും.

പരീക്ഷകൾക്കും അടിയന്തര സേവനങ്ങൾക്കും തടസമുണ്ടാക്കാതെയായിരിക്കും നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രം മാളുകളിലും മാർക്കറ്റുകളിലും പ്രവേശനം നൽകാനും ആലോചിക്കുന്നതായും അറിയിച്ചു. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിനു നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്താൻ നിർദേശം നൽകി. ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ സൗകര്യം വർധിപ്പിക്കും.

Tags:    

Similar News