ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിച്ചു; ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എല്‍ഡിഎഫ് യോഗത്തിന് മുന്നേ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചിരുന്നു. എകെജി സെന്ററിലായിരുന്നു…

By :  Editor
Update: 2021-05-17 10:31 GMT

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എല്‍ഡിഎഫ് യോഗത്തിന് മുന്നേ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചിരുന്നു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലാണ് വിജയാഘോഷം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച്‌ ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് അഡ്വ.എം. മുനീറിന്റെ പരാതിയില്‍ പറയുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ചിത്രവും ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പരാതി ഇങ്ങനെ:

തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടങ്ങിയത്. സാധാരണപൗരന്മാരുടെ മൗലികാവകാശമായ ജീവനോപാധിയായ തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം പോലും ഈ ഉത്തരവ് മൂലം തടയപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി ജനങ്ങള്‍ ഈ കഷ്ടപാടെല്ലാം സഹിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡില്‍ പെട്ട എകെജി സെന്ററില്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍, കാവല്‍ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും, കോടിയേരി ബാലഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ആന്റണി രാജു, ജോസ് കെ മാണി എന്നിവരുള്‍പ്പടെ 16 പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അവശ്യസേവന വിഭാഗത്തില്‍ പെട്ടവരൊഴികെ പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും ഇവര്‍ ലംഘിച്ചിരിക്കുകയാണ്. പ്രകടമായി തന്നെ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് അനുയായികള്‍ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കളുടെ നിയമലംഘനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം. ഏതാനും ദിവസം മുമ്ബ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പുരോഹിതന്മാര്‍ക്കെതിരെ കേസെടുത്തിരുന്നു. നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുയായികളെ നിയമലംഘനം നടത്താന്‍ പ്രേരിപ്പിച്ചേക്കാമെന്നും പരാതിയില്‍ പറയുന്നു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച നേതാക്കള്‍ക്കെതിരെ ഐപിസി 188, ദുരന്ത നിവാരണ നിയമം വകുപ്പ് 51, കേരള പകര്‍ച്ച വ്യാധിനിയമം വ്യവസ്ഥകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അഡ്വ.മുനീറിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.

ജില്ലാ കളക്ടര്‍ക്കും, ഐജിക്കും, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News