തൃശ്ശൂരില്‍ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
തൃശ്ശൂർ: വാടാനപ്പള്ളി തൃത്തല്ലൂരിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തൃത്തല്ലൂർ ബീച്ച് വ്യാസനഗറിലെ ബിജെപി പ്രവർത്തകനായ കണ്ടംചക്കി കിരണി(27)നാണ്…
തൃശ്ശൂർ: വാടാനപ്പള്ളി തൃത്തല്ലൂരിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തൃത്തല്ലൂർ ബീച്ച് വ്യാസനഗറിലെ ബിജെപി പ്രവർത്തകനായ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. പരിക്കേറ്റ കിരണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ ബിജെപി പ്രവർത്തകർക്കിടയിൽ തർക്കംനിലനിന്നിരുന്നു. തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിലാണ് കുഴൽപ്പണ കേസിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവർത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ വാക്പോര് നടക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച ഉച്ചയോടെ സംഘർഷമുണ്ടായത്.
വ്യാസനഗറിലെ ബിജെപി പ്രവർത്തകരായ ചിലർ ഞായറാഴ്ച ഉച്ചയോടെയാണ് കോവിഡ് വാക്സിനെടുക്കാനായി തൃത്തല്ലൂർ സി.എച്ച്.സിയിൽ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബിജെപി പ്രവർത്തകരും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.