സിം കാർഡ് ബ്ലോക്കാകുമെന്ന് മെസേജ്; ബി എസ് എൻ എൽ കേന്ദ്രീകരിച്ച് പുതിയ 'നമ്പറു'മായി തട്ടിപ്പുകാർ
കോട്ടയം: Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no.…
കോട്ടയം: Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടാകാം. നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ട് നിങ്ങൾ അവർ അയച്ചു തന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് നോക്കിയിട്ടുണ്ടോ? ബിഎസ്എൻഎൽ നമ്പറുകൾ കേന്ദ്രീകരിച്ചു പുതിയ തരം തട്ടിപ്പ് ആണിത്.
നിങ്ങളുടെ മൊബൈൽ നമ്പർ കെവൈസി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ ഉടന്‍ സസ്പെൻഡ് പറഞ്ഞാണു മെസേജ് എത്തുക. ഇതിൽ വിശ്വസിക്കുന്നവരുടെ അക്കൗണ്ടിൽ നിന്ന് പണം ചോർത്തുകയാണ് രീതി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പ് നടന്നു കഴിഞ്ഞു. പണം പോയവർ ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററുകളെ ബന്ധപ്പെടുമ്പോഴാണു പലപ്പോഴും തട്ടിപ്പാണെന്നു മനസ്സിലാക്കുന്നത്. വിവിധ നമ്പറുകളിൽനിന്നും എസ്എംഎസ് ഹെഡുകളിൽ നിന്നുമാണു തട്ടിപ്പ് മെസേജ് എത്തുന്നത്. പല നമ്പറുകളാണ് കസ്റ്റമർ കെയർ നമ്പര്‍ എന്ന നിലയിൽ നൽകുന്നത്. ഈ നമ്പറിൽ വിളിക്കുമ്പോൾ ഹിന്ദി കലർന്ന ഇംഗ്ലിഷിൽ ആകും സംസാരം. നിങ്ങളുടെ മൊബൈല്‍ നമ്പർ ഇപ്പോൾ ഡീആക്ടിവേറ്റ് ആകുമെന്നും ആധാർ അടക്കമുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടും.
നേരില്‍ വരേണ്ടതില്ലെന്നും ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മതിയെന്നും അറിയിപ്പ് എത്തും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാര്‍ക്ക് കാണാൻ സാധിക്കും. അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്സസ് ആപ്പു വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്ന് തുക തട്ടിയെടുക്കും. ഫോണിന്റെ പ്ലാന്‍ അവസാനിക്കും എന്നു പറഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്.
ബിഎസ്എന്‍എൽ ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ ആപ്പുകൾ വഴിയോ അന്വേഷിക്കില്ല. ആധാർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകിയാണ് നമ്മൾ സിം കാർഡ് എടുക്കുന്നത്. അതിനാല്‍ വീണ്ടും വേരിഫിക്കേഷന്റെ ആവശ്യമില്ല.