കാരവാനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; സാക്ഷികളില്ല, ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും

സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പ്രതികരിച്ചു

Update: 2024-12-24 05:01 GMT

വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഫോറന്‍സിക് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അതേമസയം മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. സംഭവത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനാവില്ല. സാക്ഷികളായി ആരുമില്ല. ഫോറന്‍സിക് ഉള്‍പ്പെടെയുള്ള എല്ലാ സംഘങ്ങളുടെയും സേവനം തേടിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ. - ഡിവൈഎസ്പി പറഞ്ഞു.

കാരവാന്‍ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് സംഭവം സംബന്ധിച്ച് ഒന്നുമറിയില്ലെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു. കണ്ണൂരിലേക്ക് പോയി തിരിച്ചുവരുന്ന വഴിയാണ് സംഭവം. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയതാണോയെന്ന് അറിയില്ല. മറ്റാരോടെങ്കിലും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.- ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരേയാണ് നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

Tags:    

Similar News