മരംമുറി കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം നിയമസഭയില്‍ എടുത്തുയര്‍ത്തി പി ടി തോമസ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന…

;

By :  Editor
Update: 2021-06-10 05:44 GMT

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി തോമസ് ചോദിച്ചു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടന്ന ചടങ്ങിന്റെ ചിത്രമാണിതെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21 ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. 22ന് രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന സംഭവം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് കൊല്ലം എംഎല്‍എ എം. മുകേഷാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘാടകര്‍ കേസുകളില്‍ പ്രതികളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിന്മാറിയത്.

മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് പി.ടി. തോമസ് ആരോപിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താന്‍ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News