ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ പിആര്‍ വർക്ക് ; പാക് സൈന്യത്തിന്റെ നീക്കം പൊളിച്ച് ഫെയ്സ്ബുക്ക്
ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു പാകിസ്ഥാന്‍ സൈന്യം പിആര്‍ കമ്ബനിയെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സംഘടിതമായി ഇത്തരത്തില്‍ പ്രചാരണം നടത്തിയ അനധികൃത നെറ്റ്‌വര്‍ക്കുകളെ സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് നിര്‍ജീവമാക്കി. റിപ്പബ്ലിക്ക്…
ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു പാകിസ്ഥാന്‍ സൈന്യം പിആര്‍ കമ്ബനിയെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സംഘടിതമായി ഇത്തരത്തില്‍ പ്രചാരണം നടത്തിയ അനധികൃത നെറ്റ്‌വര്‍ക്കുകളെ സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് നിര്‍ജീവമാക്കി. റിപ്പബ്ലിക്ക് ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള പിആര്‍ കമ്ബനി ആല്‍ഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടേതെന്ന തരത്തില്‍ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീം വിഭാഗത്തിനോടുള്ള പെരുമാറ്റം, കശ്മീര്‍ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്. പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആല്‍ഫപ്രോയുടെ വെബ്‌സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ സംഘടിതമായ വ്യാജ ആക്രമണമാണെന്ന തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഫെയ്സ്‌ബുക്കിന്റെ ഇടപെടല്‍. സോഷ്യല്‍ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകള്‍ ലംഘിച്ചതിനാണ് നടപടി.
ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജ പ്രചാരണവും ഫെയ്ക്ക് അക്കൗണ്ടുകളുടെ ഉപയോഗവും അടക്കം നടത്തുന്നതിനെയാണ് കോ ഓര്‍ഡിനേറ്റഡ് ഇന്‍ ഒതന്റിക് ബിഹേവിയര്‍ എന്നു വിലയിരുത്തുന്നത്. ഇതു വച്ചുപൊറുപ്പിക്കില്ലെന്ന് ഫെയ്സ്ബുക് ഔദ്യോഗിക പേജിലും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനില്‍ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍, 25 പേജുകള്‍, ആറ് ഗ്രൂപ്പുകള്‍, 28 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തില്‍ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലില്‍ നീക്കിയ നെറ്റ്‌വര്‍ക്കിലേക്കു ചില ലിങ്കുകള്‍ പോകുന്നെന്ന സംശയത്തെ തുടര്‍ന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആല്‍ഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കാണ് ഇതില്‍ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു- ഫെയ്സ്‌ബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
പേജുകളില്‍ ചിലതു രാജ്യാന്തര വാര്‍ത്താ സൈറ്റുകളെപോലെ അവതരിപ്പിക്കുകയും യഥാര്‍ഥ വീഡിയോ ഉള്ളടക്കമെന്നു തോന്നുന്ന തരത്തില്‍ പതിവായി പോസ്റ്റുകളിടുകയും ചെയ്തിരുന്നു. മേഖലയിലെ വാര്‍ത്തകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള പോസ്റ്റുകളാണു പങ്കുവച്ചിരുന്നത്. കോവിഡ് നേരിടുന്നതില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതും മുസ്ലീം വിഭാഗങ്ങളോട് പ്രത്യേകിച്ച് കശ്മീര്‍ മേഖലയിലുള്ളവരോടുള്ള പെരുമാറ്റവും, പാകിസ്ഥാനെ ന്യായീകരിക്കുന്ന വ്യാഖ്യാനവും മറ്റുമാണു സ്ഥിരമായി വന്നിരുന്നത്. നെറ്റ്‌വര്‍ക്കിന് ആകെ 8,00,000 ഫോളോവേഴ്‌സുണ്ട്. 40,000 ഡോളര്‍ പരസ്യത്തിനായി ചെലവാക്കി- ഫെയ്സ്ബുക്ക് പറയുന്നു.
ഇസ്‍ലാമബാദ് ആസ്ഥാനമായ ഡിജിറ്റല്‍ മീഡിയ സ്ഥാപനമാണ് ആല്‍ഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോര്‍പറേറ്റ് മേഖലയിലെ ആവശ്യക്കാര്‍ക്കും വികസന പദ്ധതികള്‍ക്കുമായി വെബ്സൈറ്റ്, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്ബനികളും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്, പാകിസ്ഥാന്‍ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവണ്‍മെന്റ് തുടങ്ങിയവയും കമ്ബനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.