ഹോട്ടലിലെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകർത്ത യുവാവ് ചില്ലുകൊണ്ട് ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് മരിച്ചു. ഇന്നലെ അര്‍ധരാത്രി പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട്…
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകർത്ത യുവാവ് ചില്ലുകൊണ്ട് ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് മരിച്ചു. ഇന്നലെ അര്‍ധരാത്രി പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. മദ്യപിച്ചാണ് ശ്രീജിത്തും സുഹൃത്തുക്കളും അടങ്ങുന്ന സംഘം ഭക്ഷണം കഴിക്കാനെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ലഘുഭക്ഷണശാലയില്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാല്‍ ശ്രീജിത്ത് അകത്തുകയറി ബാക്കിയിരുന്ന മീൻകറി എടുക്കുകയായിരുന്നു. എന്നാൽ ഹോട്ടലിലെ ജീവനക്കാർ ഭക്ഷണം കഴിച്ചില്ലെന്നും ഇത് അവർക്കുള്ള പങ്കാണ് എന്ന അറിയിച്ചതോടെയാണ് ശ്രീജിത്ത് പ്രകോപിതനായത്. ഹോട്ടലുടമകള്‍ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകര്‍ത്തത്.
അവിടെയുണ്ടായിരുന്നവർ ശ്രീജിത്തിനെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് ശ്രീജിത്തിന്റെ സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പിന്നീട് അനുവാദം നല്‍കി.