യുവതിയുടെ ദുരൂഹ മരണം ; നൂറുപവനും ഒരേക്കറിലധികം ഭൂമിയും കാറും കിട്ടിയിട്ടും ആർത്തി അടങ്ങിയില്ല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവിന് " വിസ്മയ നേരിട്ടത് ക്രൂര പീഡനം

കൊല്ലം: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നൂറുപവൻ…

By :  Editor
Update: 2021-06-21 06:10 GMT

കൊല്ലം: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നൂറുപവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും കാറും ഭർത്താവിന് നൽകിയിട്ടും വിസ്മയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ. വിസ്മയയുടെ ഭർത്താവ് മോട്ടോർ വാഹന വകുപ്പ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ശാസ്താംകോട്ട ശാംസ്താനട സ്വദേശിയുമായ എസ്. കിരൺകുമാർ, തനിക്ക് സ്ത്രീധനമായി കിട്ടിയ കാറിന് പ്രൗഢി പോരെന്ന് ആരോപിച്ചായിരുന്നു യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ടൊയാട്ടോ യാരിസ് കാറായിരുന്നു വിവാഹ സമയത്ത് വിസ്മയയുടെ അച്ഛൻ വിക്രമൻ നായർ കിരണിന് സ്ത്രീധനമായി നൽകിയത്. എന്നാൽ, തന്റ് സ്റ്റാറ്റസിന് ചേർന്ന വാഹനമല്ല എതെന്നായിരുന്നു കിരണിന്റെ നിലപാട്.

Click ▅ കൂടുതൽ വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅Click

വിസ്മയക്ക് ഭര്‍തൃവീട്ടില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റതിന്റെ വാട്‌സാപ്പ് ദൃശ്യങ്ങളും ഇപ്പോള്‍ പ്രചരിക്കുകയാണ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരനയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് മുഖത്തു കൈകളിലും ക്രൂര മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളുള്ളത്. ഭര്‍തൃവീട്ടില്‍ താന്‍ അനുഭവിച്ച കണ്ണില്ലാത്ത ക്രൂരതയും വാട്‌സാപ്പ് സന്ദേശത്തില്‍ വിസ്മയ പങ്കുവച്ചിട്ടുണ്ട്. ‘ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി’- വിസ്മയയുടെ വാട്‌സാപ്പ് സന്ദേശത്തിലെ വാക്കുകള്‍.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തില്‍ പറയുന്നു. സ്ത്രീധനത്തെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. മന്നം ആയൂർവ്വേദ കോർപ്പറേറ്റീവ് മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയുടെയും കിരൺ കുമാറിന്റെയും വിവാഹം 2020 മാർച്ചിലായിരുന്നു. 28 കാരനായ കിരൺ നിലവിൽ കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി ഇയാൾ വഴക്ക് തുടങ്ങി. പ്രധാനമായും കാറിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഈ വിവാഹം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ വിസ്മയയുടെ മൃതദേഹം ഭര്‍തൃ വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

Tags:    

Similar News